കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചു, ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ല: ബിന്‍സി സെബാസ്റ്റ്യന്‍


കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പിൽ നഗരസഭാ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചതായി നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ. സര്‍വീസ് ബുക്ക് പരിശോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും ഇതിൽ ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്നും ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.

 

 കൊല്ലം നഗരസഭയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അഖില്‍ സി വര്‍ഗീസ് തട്ടിപ്പ് നടത്തിയിരുന്നു. ഇക്കാര്യങ്ങൾ മനസിലാക്കി അഖിലിന്റെ സർവീസ് പരിശോധിക്കാതിരുന്നതും ഇതിൽ നടപടി സ്വീകരിക്കാഞ്ഞതും വലിയ വീഴ്ചയാണെന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സ് ആണ് പെൻഷൻ തുകയിൽ തട്ടിപ്പ് നടത്തിയത്. നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻ്റ് ചെയ്തിരുന്നു. 

 

 പെൻഷൻ തുക പാസാക്കുന്ന ധനകാര്യ കമ്മിറ്റിയില്‍ സിപിഐഎം, ബിജെപി അംഗങ്ങള്‍ ഉണ്ട് എന്നും വിഷയത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. നഗരസഭയിൽ ജീവനക്കാരൻ മൂന്നുകോടി തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ പ്രതിയെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.