കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കണ്ടെത്തി 5 ദിവസമായിട്ടും പ്രതി അഖിൽ കാണാമറയത്ത് തന്നെ. തട്ടിപ്പ് കണ്ടെത്തി 5 ദിവസമായിട്ടും പ്രതിയെ പോലീസ് കണ്ടെത്താത്തത് രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായാണെന്നും കേസ് അന്വേഷണത്തിൽ മെല്ലെപ്പോക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മൂന്ന് പേരെ സസ്പെൻ്റ് ചെയ്തിരുന്നു.
പെൻഷൻ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകളും ബില്ലുകളും കൃത്യമായി പരിശോധിക്കാതെയാണ് പാസ്സാക്കിയതെന്ന് കണ്ടെത്തി. ഇരുവർക്കുമൊപ്പം പെൻഷൻ വിഭാഗം ക്ലർക്ക് ബിന്ദു കെ ജി യെയും സസ്പെൻ്റ് ചെയ്തിട്ടുണ്ട്. ഇവർ ചുമതലയേറ്റെടുക്കുമ്പോൾ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിന്റെ വിവരം പുറത്തു വന്നത് മുതൽ നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസിനെ കാണാതായിരുന്നു. ഇയാൾ ഒളിവിൽ പോയതായി പോലീസ് പറയുന്നു. നിലവിൽ ഇയാൾ വൈക്കം നഗരസഭയിലാണ് ജോലി ചെയ്യുന്നത്. പെൻഷൻ ലഭിക്കുന്നില്ലാത്ത ആളുടെ അകൗണ്ടിലേക്കാണ് പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖിൽ പ്രതിമാസം 4 ലക്ഷം രൂപ വരെ തിരിമറി നടത്തിയത്. 2020 മുതൽ കോട്ടയം നഗരസഭയിൽ അഖിൽ ജോലി ചെയ്തിരുന്ന സമയത്തത്തെ തിരിമാരിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റിട്ട.ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്ക് ആണ് പെൻഷൻതുക അയച്ചതിന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കുന്നതിനും ആളെ കണ്ടെത്തി തുക വീണ്ടെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെ അവരുടെ പണം അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായിരുന്നു. സംഭവത്തിൽ ഭരണ സമിതിയുടെ ഒത്താശയുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു.