കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് രാവിലെ മുതൽ മേഘാവൃതമായിരുന്ന കാലാവസ്ഥയിൽ നിന്നും ഉച്ച കഴിഞ്ഞതോടെ മഴ ശക്തമാകുകയായിരുന്നു. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ അടുത്ത 3 ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതനുസരിച്ച് മാറി താമസിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. ആഗസ്റ്റ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു
ഓറഞ്ച് അലർട്ട്
11/08/2024: പാലക്കാട്, മലപ്പുറം
12/08/2024: പത്തനംതിട്ട, ഇടുക്കി
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
11/08/2024: ഇടുക്കി, കോഴിക്കോട്, വയനാട്
12/08/2024: കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്
14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.