കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ്. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച മഴ രാത്രിയിലും ശക്തമായി തുടരുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി ജില്ലയിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചിരുന്നു.
തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.