കോട്ടയം: കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്ന രീതിയായിരുന്നു ഇന്നലെ കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം ആരംഭിച്ച ശക്തമായ മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് പെയ്തത്.
അതിശക്തമായ മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കയം കോസ് വേയിലും കാഞ്ഞിരപ്പള്ളി മണിമല പഴയിടം കോസ് വേയിലും വെള്ളം കയറി. രാവിലെ മഴയ്ക്ക് ശമനമുണ്ടായതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എങ്കിലും അന്തരീക്ഷം മേഘാവൃതമാണ്. എരുമേലി,മുണ്ടക്കയം,കൂട്ടിക്കൽ മേഖലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കിഴക്കൻ മലയോര മേഖലകളിലെ അതിശക്തമായ മഴയെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞു.
മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മുണ്ടക്കയം മുളങ്കയത്തു റോഡിൽ വെള്ളം കയറി.കൂട്ടിക്കൽ-ചോലത്തടം റോഡിൽ മണ്ണിടിഞ്ഞു റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കാവാലി ഭാഗത്ത് മലവെള്ള പാച്ചിൽ ഉണ്ടായതായി സംശയിക്കുന്നുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാറ്റിൽ ഒരു വീടിനു സമീപം ചെറിയ കുഴി രൂപപ്പെടുകയും ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാവുകയും ചെയ്തു. വീട്ടുകാരെ സ്ഥലത്തു നിന്നു ബന്ധു വീട്ടിലേക്കു മാറ്റി.മീനച്ചിൽ റെയ്ൻ ആൻഡ് റിവർ നെറ്റ് വർക്കിൻ്റെ മഴ മാപിനിയിൽ ഇന്നലെ രാത്രി 7 മുതൽ 9 വരെയുള്ള 2 മണിക്കൂറിൽ കൂട്ടിക്കലിൽ 114.6 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ കൂട്ടിക്കൽ പ്രദേശത്തെ പല സ്ഥലങ്ങളിലും 200 മില്ലീമീറ്ററിനു മുകളിൽ മഴ ലഭിച്ചു.