മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടച്ചാൽ കളർ ചിത്രം വരച്ചു നൽകും ഈ പോലീസുകാരൻ.


കോട്ടയം: ദുരന്ത മുഖത്ത് വിറങ്ങലിച്ചു നിൽക്കുന്ന വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടച്ചാൽ കളർ ചിത്രം വരച്ചു നൽകും ഈ പോലീസുകാരൻ.

 

 പോലീസ് രേഖാചിത്രകാരനും കോട്ടയം മണിമല സ്വദേശിയുമായ രാജേഷ് മണിമലയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയോ അതിൽ കൂടുതലോ സംഭാവന നൽകിയതിന്റെ റെസിപ്റ്റ് സ്‌ക്രീൻഷോട്ട് അയച്ചു നൽകിയാൽ നിങ്ങളുടെ അടിപൊളി കളർ മുഖച്ചിത്രം വരച്ചു നൽകും. മുൻപ് പ്രളയകാലത്തും കോവിഡ് കാലത്ത് വാക്സിൻ നൽകാൻ സംഭാവന നൽകുന്നവർക്കും രാജേഷ് മുഖചിത്രം വരച്ചു നൽകിയിരുന്നു. ജിഷ വധക്കേസ് അടക്കം നിരവധി പ്രമാദമായ കേസ്സുകളിൽ സാക്ഷികളുടെയും മറ്റുള്ളവരുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയ്യാറാക്കി നൽകുന്ന പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അഭിമാന വ്യക്തിത്വമാണ് രാജേഷ് മണിമല. ജോസഫ് എന്ന മലയാള ചലച്ചിത്രത്തിൽ രാജേഷ് മണിമല എന്ന പേരിൽ തന്നെ രേഖാചിത്രകാരനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച സാമൂഹ്യ സേവനം ചെയ്യുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥനുള്ള അന്താരാഷ്ട്ര സംഘടനയായ ഇപ്കായ് സംസ്ഥാന അവാർഡ് 2020 ൽ മന്ത്രി TP രാമകൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. ബിരുദാനന്തര ബിരുദധാരിയായ ഈ പോലീസ് ഉദ്യോഗസ്ഥൻ സൈബർ ലോകത്തെ ചതിക്കുഴികളിൽനിന്നും എങ്ങനെ രക്ഷപെടാം എന്ന വിഷയത്തിൽ എസ്.പി.സി, എൻ.എസ്.എസ് തുടങ്ങിയ 200 ലധികം സദസ്സുകളിൽ ആശയങ്ങൾ പങ്കുവച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ എഎസ്ഐ ആയി സേവനം ചെയ്യുകയാണ് ഇദ്ദേഹം. നിരവധി ചിത്രങ്ങളും ഇദ്ദേഹം ഇതിനോടകം വരച്ചിട്ടുണ്ട്. 10 വർഷമായി സൗജന്യ പി എസ് സി പരിശീലനരംഗത്ത് സജീവമായ ഇദ്ദേഹം സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ചിത്രകാരനുള്ള 2017 ലെ ജെ സി ഡാനിയൽ പുരസ്‌കാര ജേതാവാണ്. കൊളാഷ് ഇൽ അഖിലേന്ത്യാ സർവകലാശാലതലത്തിൽ ഒന്നാം സമ്മാനജേതാവ് . കൂടാതെ 50 ഓളം മറ്റു അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.