സ്പെഷല്‍ സ്‌കൂളുകളെ ചേര്‍ത്തുനിര്‍ത്തി സര്‍ക്കാര്‍; ഫിറ്റ്നസ് സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കും, നടപടി തദ്ദേശ അദാലത്തിലെ സിസ്റ്റര്‍ അനുപമയുടെ പരാതിയി


കോട്ടയം: സ്പെഷല്‍ സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയം ജില്ലാതദ്ദേശഅദാലത്തില്‍ ഏറ്റുമാനൂര്‍ സാന്‍ജോസ് സ്പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സി. അനുപമ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പൊതുഉത്തരവ് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. 



ഇതോടെ സാന്‍ജോസ് സ്‌കൂളിന് ചുമത്തിയ സൂപ്പര്‍വിഷന്‍ ചാര്‍ജ് ഒഴിവാകും. 37/2016/എല്‍.എസ്.ജി.ഡി. ഉത്തരവ് പ്രകാരം ഓര്‍ഫനേജ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഓര്‍ഫനേജുകളെ ഫിറ്റ്നസ് സൂപ്പര്‍ വിഷന്‍ ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് കൂടുതല്‍ കാരുണ്യ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഫീസ് വാങ്ങാതെ സൗജന്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാകും ഇളവിന് അര്‍ഹത. ഇതു സംബന്ധിച്ച വിശദമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 1989 മുതല്‍ ഏറ്റുമാനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാന്‍ജോസ് വിദ്യാലയ. 234 കുട്ടികളും 63 ജീവനക്കാരുമുള്ളസ്ഥാപനം കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 2019ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ 12,82,130 രൂപ സൂപ്പര്‍ വിഷന്‍ ചാര്‍ജ് അടയ്ക്കണമെന്ന് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുമ്പില്‍ പ്രിന്‍സിപ്പല്‍ പരാതിയുമായി എത്തിയത്. പൊതു ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചതോടെ സന്തോഷാശ്രുക്കളോടെയാണ് സിസ്റ്റര്‍ അനുപമ അദാലത്ത് വേദിയില്‍ നിന്നു മടങ്ങിയത്. ഇളവായി ലഭിക്കുന്ന തുക കൂടി കാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് സിസ്റ്റര്‍ അനുപമ മന്ത്രിയോട് പറഞ്ഞു. സംസ്ഥാനത്താകെയുള്ള അശരണര്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ തന്റെ പരാതി കാരണമായതിന്റെ സന്തോഷവും സിസ്റ്റര്‍ മന്ത്രിയെ അറിയിച്ചു. ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.