ജന്മദിനത്തിൽ കേക്കും ജന്മദിനാഘോഷ ചടങ്ങുകളും മാറ്റിവച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജന്മദിനത്തിൽ വലിയ മധുരം നാടിനു നൽകി മിടുക്കികൾ.


കോട്ടയം: ജന്മദിനത്തിൽ കേക്കും ജന്മദിനാഘോഷ ചടങ്ങുകളും മാറ്റിവച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജന്മദിനത്തിൽ വലിയ മധുരം നാടിനു നൽകി മിടുക്കികൾ.

 

 ലൂർദ്ദ് പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി ഗാന്ധിനഗർ മുടിയൂർക്കര കുറ്റിമറ്റത്തിൽ എസ്. ശ്രീകാർത്തികയും ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ചുങ്കം ഇടയാഞ്ഞിലി മാലിയിൽ ഭദ്ര ഷാലും.  ശ്രീകാർത്തിക 5000 രൂപയും ഭദ്ര 2000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. വയനാട്ടിൽ ദുരന്തത്തിനിരയായ കുട്ടികളെക്കുറിച്ചും അവർ പഠിച്ച സ്‌കൂളിനെക്കുറിച്ചുമൊക്കെ അറിഞ്ഞെന്നും അവിടെ എല്ലാവരും സങ്കടപ്പെട്ടിരിക്കെ നമ്മളെങ്ങനെ ആഘോഷിക്കുമെന്നുമാണ് കുട്ടികൾ പറഞ്ഞത്.  ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സമാഹരിച്ച സംഭാവനയുമായി ജില്ലയിലെ സ്‌കൂളുകളിൽനിന്ന് അധ്യാപകരും വിദ്യാർഥികളും ജില്ലാ കളക്ടറെ കാണാൻ എത്തുന്നുണ്ട്. നീ കുട്ടിയാണെന്ന്'പറയാനാവാത്തവിധം മുതിർന്നവരെ പോലും വഴിനയിക്കുന്ന ഉയർന്ന സാമൂഹികബോധം കുട്ടികൾ പുലർത്തുന്നതായി ജില്ലാ കളക്ടർ ജോൺ വി സാമുവൽ പറഞ്ഞു. ഗാന്ധിനഗർ മുടിയൂർക്കര കുറ്റിമറ്റത്തിൽ കെ.പി. സുനിൽ കുമാറിന്റെയും സജിന ശശിയുടെയും മകളാണ് ശ്രീകാർത്തിക. ചുങ്കം ഇടയാഞ്ഞിലി മാലിയിൽ കെ.എസ്. ഷാൽ കുമാറിന്റെയും സൗമ്യ ഷാലിന്റെയും മകളാണ് ഭദ്ര ഷാൽ.  ശ്രീകാർത്തികയ്ക്കും ഭദ്രയ്ക്കും നാടിന്റെ പേരിൽ ജന്മദിനാശംസകൾ നേർന്നാണ് ജില്ലാകളക്ടർ ഇരുവരെയും യാത്രയാക്കിയത്.