കോട്ടയം: കോട്ടയത്ത് എം സി റോഡിൽ മണിപ്പുഴയിൽ സ്‌കൂട്ടറിൽ പിക്ക് അപ്പ് വാനിടിച്ചു ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി എസ്(49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം വ്യാപാര സ്ഥാപനം നടത്തുന്നവരാണ് ഇവരെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ എം സി റോഡിൽ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. പമ്പിൽ നിന്നും സ്‌കൂട്ടറിൽ പെട്രോൾ അടിച്ച ശേഷം സ്‌കൂട്ടരുമായി റോഡിലേയ്ക്കു ഇറങ്ങുന്നതിനിടെ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ പിക്ക് അപ്പ് വാൻ സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മനോജിന്റെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലും ഭാര്യ പ്രസന്നയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും ചിങ്ങവനം പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.