കോട്ടയം: അവസാനമായി ഒരുനോക്കു കാണാനാകാതെ പ്രിയതമയ്‌ക്ക് വിട നൽകി റോബർട്ട്. കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ചിങ്ങവനം പരുത്തുംപാറ മങ്ങാട്ട് റോബർട്ട് കുര്യാക്കോസിന്‍റെ ഭാര്യ ഏയ്ഞ്ചൽ റോബർട്ട്(26)ന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നെഞ്ചുപൊട്ടി കരയുകയായിരുന്നു പ്രിയതമൻ.
ഒൻപത് മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം. യു കെ യിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് പ്രിയതമയുടെ മരണ വാർത്തയറിഞ്ഞു കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയിരുന്നു. ഭർത്താവിനൊപ്പം യു കെ യ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് എയ്ഞ്ചലയെ മരണം കവർന്നെടുത്തത്. നെഞ്ചു തകർന്നു കരഞ്ഞ റോബർട്ടിനെ ആശ്വസിപ്പിക്കാൻ കൂടെ നിന്നവർക്കായില്ല. അലമുറയിട്ട് കരയുന്ന ശബ്ദങ്ങൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബന്ധുക്കൾക്കൊപ്പം അയൽക്കാരും വിങ്ങിപ്പൊട്ടുകയായിരുന്നു. റോബർട്ടിനെ ആശ്വസിപ്പിക്കാൻ എല്ലാവരും പാടുപെടുകയായിരുന്നു. മൃതദേഹം എംബാം ചെയ്‌ത് പെട്ടിയിലാക്കിയാണ് കൊണ്ടു വന്നത്. പെട്ടിയ്‌ക്ക് മുകളിലായി എയ്‌ഞ്ചലയുടെ ചിത്രം പതിച്ചിരുന്നു. ഈ ചിത്രത്തിൽ കണ്ണുനട്ട് വിതുമ്പുകയായിരുന്നു റോബർട്ട്. പാലക്കാട്ട് നഴ്സായ എയ്ഞ്ചല മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ്. വിവാഹശേഷം 3 മാസങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ എയ്‌ഞ്ചലയുടെ സംസ്കാരം നടത്തി. ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. തുരുത്തിക്കാട് പയ്യനാട്ട് (എബ്രഹാം) കുഞ്ഞവറാച്ചന്റെയും, വെണ്ണിക്കുളം കൈതാരത്ത് ജൈനമ്മയുടെയും മകളാണ് ഏഞ്ചൽ. പാലക്കാട്ട് നഴ്സായി ജോലി ചെയ്തിരുന്ന എയ്ഞ്ചൽ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. ഇവരുടെ ബന്ധുവായ ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആലീസ് തോമസ് (63), ചിന്നമ്മ (68) എന്നിവരും മരണപ്പെട്ടിരുന്നു.