കോട്ടയം: കോട്ടയത്ത് മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം.
അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസ് (55) ആണ് മരിച്ചത്. അപകടത്തിൽ മകൾ മെറിനെ (24) ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30നു മഞ്ഞാമറ്റം - മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.
മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ എതിരെ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലായിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു മെറിൻ. അപകടത്തിൽ സംഭവ സ്ഥലത്ത് വെച്ചുതന്നെ സെബാസ്ത്യന്റെ മരണം സംഭവിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എത്സമ്മയാണ് ഭാര്യ. മെൽവിൻ,മാഗി എന്നിവരാണ് മറ്റു മക്കൾ.