കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ വിഞ്ജാപനമിറക്കി.
വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനമിറക്കിയത്. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ ആണ് ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ല മുഴുവനായി നിയന്ത്രണമുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കൽ, തുമ്പമൺ പഞ്ചായത്തുകൾ, പന്തളം നഗരസഭ, അടൂർ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, ചെല്ലാനം പഞ്ചായത്തുകൾ എന്നിവ നിരീക്ഷണമേഖലകളാണ്. നിയന്ത്രണമേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. നിലവിൽ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപന തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അതിന് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടണം. ഏപ്രിൽ പകുതിക്കുശേഷം 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരും വിദഗ്ധസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതമേഖലയെന്നും 10 കിലോമീറ്റർ നിരീക്ഷണമേഖലയെന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളുണ്ട്. 2025 മാർച്ചുവരെ പക്ഷിപ്പനിബാധിത മേഖലകളിൽ പക്ഷിവളർത്തൽ നിരോധിക്കണമെന്ന് വിദഗ്ധസമിതി ശുപാർശചെയ്ത് മൂന്നുമാസമായിട്ടും ഉത്തരവിറക്കിയിരുന്നില്ല. ഇതേത്തുടർന്ന് പലയിടത്തും കോഴി, താറാവ് വളർത്തൽ പുനരാരംഭിച്ചിരുന്നു. ഗസറ്റ് വിജ്ഞാപനം നിലവിൽവന്ന തീയതിമുതൽ പുതുതായി കോഴി, താറാവ് എന്നിവയെ വളർത്തിയാൽ നടപടിയുണ്ടാകും.