കോട്ടയം: മൂന്നാറിൽ നീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. മലരിക്കലിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മയമാണ് അവസാനിക്കുന്നത്.
മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ട്രാക്ടർ ഇറക്കി പാടശേഖരങ്ങൾ ഉഴുതു മറിച്ചു കളകൾ നശിപ്പിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വാസ്ത വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. ഇത്തവണയും പതിനായിരക്കണക്കിന് ആസ്വാദകരാണ് മലരിക്കലിലെ ആമ്പൽപ്പൂക്കളുടെ നയനമനോഹരമായ വിസ്മയ കാഴ്ചകൾ കാണാനായി ദിവസേന എത്തിയത്. നിരവധി വീഡിയോ ആൽബം ഷൂട്ടുകൾക്കും ഫോട്ടോഷൂട്ടുകൾക്കും ആമ്പൽ വിസ്മയം വേദിയായി. വിവിധ മേഖലകളിലെ പ്രമുഖരുൾപ്പടെ നിരവധിപ്പേരാണ് ഇവിടെയെത്തി കാഴ്ചകൾ കണ്ടു ഫോട്ടോയെടുത്തു മടങ്ങിയത്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ആരംഭിച്ച കാഴ്ച്ചയുടെ വിസ്മയമാണ് ഇനി കാണാമറയത്തേക്ക് പോകുന്നത്. 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തി. കർഷകരുടെ കളയാണ് ആമ്പൽവിസ്മയം സമ്മാനിക്കുന്ന ഈ ആമ്പൽ ചെടികൾ. കർഷകർ നെൽ കൃഷിക്കിറങ്ങുമ്പോൾ പാടശേഖരങ്ങളിൽ മുഴുവൻ കളനാശിനി അടിച്ച് അമ്പലുകൾ ചീയിച്ച് ടാക്ടർ ഉപയോഗിച്ച് നിലമുഴുത് നടത്തിയ ശേഷമാണ് ഇവിടെ കർഷകർ നെൽകൃഷി ആരംഭിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തിലേറെ ഏക്കർ വിസ്തീർണമുള്ള നെൽപാടത്ത് നല്ല നിലയിൽ കൃഷി നടന്നു വരുന്നു. വിദേശീയരായ നിരവധി സഞ്ചാരികളും ഇത്തവണ ആമ്പൽ വസന്തം കാണാൻ എത്തിയിരുന്നു. ലോക ടൂറിസം ഭൂപടത്തിൽ കോട്ടയത്തിന്റെ ആമ്പൽ വസന്തവും സ്ഥാനം പിടിച്ചിട്ടുണ്ട്.
ചിത്രം: സോഷ്യൽ മീഡിയ.