കോട്ടയത്തിന് ക്രിസ്മസ് സമ്മാനം, കേരളത്തിലെ അഞ്ചാമത്തെ ലുലു മാൾ, നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മാൾ 3 മാസത്തിനകം തുറക്കും.


കോട്ടയം: കോട്ടയംകാർക്ക് ക്രിസ്മസ് സമ്മാനമായി ലുലുമാൾ പ്രവർത്തനം ആരംഭിക്കും. മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 3 മാസത്തിനകം മാൾ തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കഴിഞ്ഞ ദിവസം കോഴിക്കോട് ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ‌ വ്യക്തമാക്കിയിരുന്നു.

 

 ഇതോടെ കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായാകും ലുലു മാൾ പ്രവർത്തനം ആരംഭിക്കുക. കേരളത്തിലെ അഞ്ചാമത്തെ ലുലു മാൾ ആണ് കോട്ടയത്ത് ഉത്‌ഘാടനത്തിനൊരുങ്ങുന്നത്. നാട്ടകം മണിപ്പുഴ ജങ്ഷനു സമീപം എംസി റോഡരികിലാണ് ലുലു മാൾ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നത്. നാട്ടകത്ത് 28,000 ചതുരശ്ര മീറ്റ‍ർ (മൂന്നു ലക്ഷം ചതുരശ്രയടി) വിസ്തീർണത്തിലാണ് ലുലു മാൾ ഉയരുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് ഉൾപ്പെടെ 25ലധികം ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ മാളിലുണ്ടാകും. 800 ചതുരശ്ര മീറ്ററുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററാണ് ജില്ലയിലെ ലുലു മാളിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. 10 മൾട്ടി ക്യുസിൻ ഔട്ട്ലെറ്ററടക്കം 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ടും മാളിന്റെ പ്രത്യേകതയാണ്. 1000ത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുക്കിയിട്ടുണ്ട്. കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർക്ക് പുത്തൻ ഷോപ്പിംഗ് വിസ്മയം സമ്മാനിക്കാൻ ലുലുവിനു സാധിക്കും. കോട്ടയത്തേത് ലുലുവിന്റെ മിനി മാൾ ആണ്.