കോട്ടയം: അക്ഷരനഗരിയായ കോട്ടയം അടുത്തവർഷം മാർച്ചോടെ മാലിന്യമുക്തപ്രവർത്തനങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തിലുള്ള ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോട്ടയം ജില്ലാതല നിർവഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായി നീങ്ങിയാൽ ആഗ്രഹിച്ച ഫലമുണ്ടാകില്ല. എല്ലാ മേഖലയിലും ഇതിന്റെ സന്ദേശമെത്തിക്കണം. രാഷ്ട്രീയപാർട്ടികൾ, സന്നദ്ധസംഘടനകൾ, മത സാമുദായിക സംഘടനകൾ, സ്‌കൂളുകൾ, ക്ലബുകൾ എന്നിവയെല്ലാം കൂടിച്ചേർന്നുകൊണ്ട് പരിപാടി വിജയിപ്പിക്കണം. നിയോജകമണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ഉണ്ടാകണം. സെപ്്റ്റംബർ 30നകം സംഘാടകതലത്തിലുള്ള പരിപാടികൾ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ കോട്ടയം ജില്ലയിലെ ഇതുവരെയുള്ള നേട്ടങ്ങൾ സംബന്ധിച്ച അവതരണം തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലെമെന്റ് നടത്തി. ജനകീയ ക്യാമ്പയിൻ കർമപദ്ധതി സംബന്ധിച്ചു നവകേരളം കർമപദ്ധതി കോഡിനേറ്റർ എസ്. ഐസക്കും ഗ്യാപ് അനാലിസിസ് സംബന്ധിച്ചു ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദും അവതരണങ്ങൾ നടത്തി. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ ഏബ്രഹാം, പ്രെഫ. ടോമിച്ചൻ ജോസഫ്, ആര്യ രാജൻ, പി. വി സുനിൽ, എൻ. രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്്, പി.ആർ. അനുപമ, ഹൈമി ബോബി എന്നിവർ പ്രസംഗിച്ചു. 'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തോടെ 'മാലിന്യമുക്തം നവകേരളം' യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ ഗാന്ധിജയന്തി ദിനമായ 2024 ഒക്ടോബർ രണ്ടുമുതൽ രാജ്യാന്തര മാലിന്യമുക്ത ദിനമായ 2025 മാർച്ച് 30 വയൊണ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ വിജയകരമായ നിർവഹണത്തിനായി സംസ്ഥാന തലത്തിലും. ജില്ലാ തലത്തിലും, ബ്ലോക്ക് തലത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും, വാർഡ് / ഡിവിഷൻ തലത്തിലും നിർവഹണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല നിർവഹണ സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും ജില്ലാ കളക്ടർ കൺവീനറും ആണ്. ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കുക, ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റുക. എല്ലാ ഓഫീസുകളും ഹരിത ഓഫീസുകളാക്കുക. തദ്ദേശസ്ഥാപനങ്ങളിലെ പ്രധാന ടൗണുകളിലും പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സമ്പൂർണ്ണ ശുചിത്വവും ഭംഗിയുള്ളതുമാക്കി മാറ്റുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത വിദ്യാലയങ്ങൾ/ ഹരിത ക്യാമ്പസുകളാക്കുക, നീർച്ചാലുകൾ ശുചീകരിച്ച് വീണ്ടെടുക്കുക, ഹരിത കർമ്മ സേനയുടെ വാതിൽപ്പടി ശേഖരണവും യൂസർ ഫീ കളക്ഷനും 100% ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ നിയമനടപടികൾ ശക്തമാക്കുക, ജനകീയ വിജിലൻസ് സ്‌ക്വാർഡ് രൂപികരിക്കുക, ശുചിത്വം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ പരിശോധനകൾ നടത്തുക, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കർശനമായി നിരോധിക്കുക. പരിസ്ഥിതി സൗഹൃദ പാക്കിംഗ് പ്രോത്സാഹിപ്പിക്കുക. വീട്ടുമുറ്റ സദസ്സ്, കുട്ടികളുടെ ഹരിത സഭ, വിപുലമായ പ്രചാരണ ബോധവൽക്കരണ പരിപാടികൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.