കോട്ടയം: കോട്ടയം നാഗമ്പടം ബസ്‌സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫ് (32) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 31-ന് രാത്രി ആയിരുന്നു സംഭവം. റോബിൻസണും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടത്തെ പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.ശ്രീജിത്ത്, എസ്.ഐ. സി.എസ്.നെൽസൺ, സി.പി.ഒ. മാരായ അജിത്ത്, അജേഷ്, അനിക്കുട്ടൻ, വിവേക് എന്നിവർ ചേർന്നാണ് റോബിൻസണെ പിടികൂടിയത്.