കോട്ടയം: കോട്ടയം എസ്എംഇ കോളേജില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി അജാസ് ഖാനാണ്(18) മരിച്ചത്.
അജാസിനെ ഇന്നലെ രാത്രി മുതൽ ഹോസ്റ്റലിൽ നിന്നും കാണാതായിരുന്നു. കോട്ടയം ഗാന്ധിനഗര്‍ എസ്എംഇ കോളേജ് ഒന്നാംവര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായിരുന്നു അജാസ്. അജാസിന്റെ ഫോണും പേഴ്‌സുമുൾപ്പടെ ഹോസ്റ്റൽ മുറിയിൽ വെച്ചിട്ടാണ് പോയത്. രാവിലെയും കാണാതായതോടെയാണ് അധ്യാപകരും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അജാസ് കുടമാളൂർ പാലത്തിനു സമീപത്തു കൂടി നടന്നു പോകുന്നതായി സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് സംശയം തോന്നിയ പോലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്താൽ തിരച്ചിൽ നടത്തുകയായിരുന്നു. അഗ്നി രക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമർജൻസി കേരളയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ കുടമാളൂർ പാലത്തിനു അടിഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹോസ്റ്റലിൽ നിന്നും ഇറങ്ങിയ അജാസ് പുഴയിൽ ചാടിയതായി സംശയം ഉള്ളതായും ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.