കോട്ടയം: ഓണ വിപണി ലക്ഷ്യമിട്ടു പച്ചക്കറി കൃഷി ചെയ്ത കർഷകർക്ക് തിരിച്ചടി. കഴിഞ്ഞ മാസം വരെ വില ഉയർന്നു നിൽക്കുകയൂം എന്നാൽ പിന്നീട് പെട്ടെന്ന് വില കുറയുകയും ചെയ്തതും സംസ്ഥാനത്തിന് പുറത്തു നിന്നും കൂടുതലായി പച്ചക്കറികൾ എത്തിത്തുടങ്ങിയതോടെയും നാടൻ പച്ചക്കറികളോട് മുഖം തിരിക്കുകയാണ് വ്യാപാരികൾ.
ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വെള്ളരി,പാവയ്ക്ക,പടവലം, വെണ്ടയ്ക്ക, ഏത്തയ്ക്ക തുടങ്ങിയ നാടൻ പച്ചക്കറി വിളകൾക്ക് ഇപ്പോൾ വ്യാപാരികളിൽ ചിലർ മാത്രമാണ് മാന്യമായ വില നൽകുന്നത്. ഇതോടെ കൃഷി ചെയ്ത കർഷകർ വെട്ടിലായിരിക്കുകയാണ്. നിലവിൽ പ്രാദേശിക കാർഷിക വിപണികളിൽ മാത്രമാണ് കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതും വിൽക്കുന്നതും. കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും കൂടുതൽ പച്ചക്കറികൾ വന്നു തുടങ്ങിയതോടെയാണ് കർഷകർക്ക് തിരിച്ചടിയായത്. ഏത്തയ്ക്കായുടെ വിലയും ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ 80-100 വരെയുണ്ടായിരുന്ന കായ വില ഇപ്പോൾ 50 രൂപയിലെത്തിയിരിക്കുകയാണ്. ഇതോടെ ഏത്തക്കുലകൾ കടകളിൽ വിൽക്കുന്ന കർഷകർക്ക് പരിപാലന കൂലി പോലും കിട്ടാതാകുന്ന സ്ഥിതിയാണ്. സർക്കാർ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭത്തിൽ കർഷകരെ കൃഷിക്ക് പ്രോത്സാഹിപ്പിച്ചെങ്കിലും ഉത്പന്നങ്ങൾ കർഷകരിൽ നിന്നും സംഭരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.