എരുമേലി: കോട്ടയത്ത് മകളുടെ വിവാഹ റിസപ്ഷൻ കഴിഞ്ഞു മടങ്ങുന്നതിനിടെ വാഴൂരിൽ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു എരുമേലി സ്വദേശിനിയായ മാതാവിന് ദാരുണാന്ത്യം.
എരുമേലി മുക്കൂട്ടുതറ പാണപിലാവ് ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ മകൾ നെഫ് ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രിയാണ് അപകടം ഉണ്ടായത്. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും മുപ്പതടിയോളം താഴേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായ്ക്കും പരുക്കുകളുണ്ട്.