കോട്ടയം: അക്ഷരനഗരിക്ക് തിലകക്കുറിയായി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്ന അക്ഷരമ്യൂസിയം ഒക്‌ടോബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അക്ഷര മ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കോട്ടയം നാട്ടകത്തെ അക്ഷരമ്യൂസിയം അങ്കണത്തിൽ ചേർന്ന സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
15 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിലാണ് അക്ഷരമ്യൂസിയം നിർമിച്ചിരിക്കുന്നത്. ഗവേഷണസൗകര്യവും പഠനങ്ങളും നടത്താൻ കഴിയുന്ന പശ്ചാത്തലസൗകര്യങ്ങൾ കൂടി ഭാവിയിൽ ഉറപ്പാക്കുന്ന തരത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അക്ഷരമ്യൂസിയം നിർമിച്ച് സാഹിത്യപ്രവർത്തകസഹകരണസംഘത്തെ ഏൽപ്പിക്കാനാണ് സഹകരണവകുപ്പ് ആലോചിച്ചിട്ടുള്ളത്. രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന സംസ്‌കാരികകേന്ദ്രമായി അക്ഷരമ്യൂസിയമായി മാറുമെന്നും മന്ത്രി പറഞ്ഞു.
സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ ചെയർമാനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സംസ്ഥാന കോപറേറ്റീവ് യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഭാഷ- സാഹിത്യ-സാംസ്‌ക്കാരിക മ്യൂസിയമായി അക്ഷരമ്യൂസിയം ഒരുക്കിയിരിക്കുന്നത്.