കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിന് ദാരുണാന്ത്യം.
ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മൂന്നുപറയിൽ രാജേഷിന്റെ മകൻ ആദിത്യൻ രാജേഷ് ആണ് മരിച്ചത്. ആർപ്പൂക്കര അമ്പലക്കവലയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. ആദിത്യൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.