ശനിയാഴ്ച ജീവനക്കാർ കളക്‌ട്രേറ്റ് 'ക്ലീൻ' ആക്കും.


കോട്ടയം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് കോട്ടയം കളക്‌ട്രേറ്റും പരിസരങ്ങളും ശനിയാഴ്ച ജീവനക്കാരുടെ നേതൃത്വത്തിൽ ശുചിയാക്കുന്നു.

 

 മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കളക്‌ട്രേറ്റിലെ മുഴുവൻ ജീവനക്കാരുടേയും സർവീസ് സംഘടനകളുടേയും പങ്കാളിത്തത്തിൽ ജില്ലാ പഞ്ചായത്തിന്റെയും കോട്ടയം നഗരസഭയുടെയും ശുചിത്വമിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും സഹകരണത്തോടെയാണ് കളക്‌ട്രേറ്റിലെ ഓഫീസുകളും പരിസരവും ശുചിയാക്കുന്നത്. ഉച്ചയ്ക്ക് 12.00 മണി മുതൽ  1.30 വരെയാണ് ശുചിയാക്കൽ നിശ്ചയിച്ചിട്ടുള്ളത്. കളക്‌ട്രേറ്റിലെ മുൻവശത്തെ പൂന്തോട്ടം നവീകരിക്കുന്നതടക്കമുള്ള പരിപാടികൾ ശുചീകരണത്തിന്റെ ഭാഗമായി നടപ്പാക്കും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ആലോചനായോഗം വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി കളക്ടർമാരായ ജിയോ ടി. മനോജ്, സോളി ആന്റണി , വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.