കോട്ടയം: നാളീകേര ഉത്പാദനം കുറയുകയും സംസ്ഥാനത്തിനു പുറത്തു നിന്നും വരുന്ന നാളീകേരത്തിന്റെ വരവ് കുറയുകയും ചെയ്തതോടെ തേങ്ങാ-വെളിച്ചെണ്ണ വില കുതിച്ചുയർന്നു.
ജില്ലയിൽ നാളീകേരത്തിന്റെ വില 72-75രൂപയിലെത്തി. കഴിഞ്ഞ ആഴ്ച വരെ 40 രൂപയിലായിരുന്ന തേങ്ങാ വിലയാണ് കുതിച്ചുയർന്നത്. അതേസമയം 145 രൂപയായിരുന്ന വെളിച്ചെണ്ണ വില 185-190 രൂപയിൽ എത്തി. കുപ്പികളിൽ ലഭിക്കുന്ന വെളിച്ചെണ്ണയ്ക്ക് 250 രൂപയോളം നൽകണം. തെങ്ങുകൾക്ക് രോഗബാധ കൂടുതലായി തുടങ്ങിയതും പരിപാലന വിളവെടുപ്പ് ചെലവുകൾ കൂടിയതും ആളുകൾ നാളീകേര കൃഷിയിൽ നിന്നും പിന്മാറാൻ കാരണമായി. വെളിച്ചെണ്ണക്ക് വില ഉയർന്നതോടെ വിവിധ പേരിൽ വ്യാജന്മാരും വിപണിയിൽ സുലഭമായി തുടങ്ങി. വെളിച്ചെണ്ണ വില ഉയർന്നതിനൊപ്പം സമാന വില വർദ്ധനവ് പാമോയിലിനും സൺഫ്‌ളവർ ഓയിലിനും ഉണ്ടായിട്ടുണ്ട്. 105 രൂപയായിരുന്ന പാമോയിൽ ഇപ്പോൾ 120 രൂപയിൽ എത്തി. സൺഫ്‌ളവർ ഓയിൽ വിലയും 130-140 രൂപയിൽ എത്തി. വെളിച്ചെണ്ണ-പാമോയിൽ വില ഉയർന്നതോടെ പലഹാര നിർമ്മാണ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. പലഹാരങ്ങൾക്ക് വില ഉയർത്തേണ്ട അവസ്ഥയിലാണെന്നു വ്യാപരികൾ പറഞ്ഞു. നാളികേരത്തിന് വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരാന്‍ കാരണം. സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ 140 രൂപയ്‌ക്ക് നല്‍കിയിരുന്ന വെളിച്ചെണ്ണയും പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരുമ്പോള്‍ കാണാമറയത്താണ്.