കണ്ണ് മൂടിക്കെട്ടി അകക്കണ്ണാൽ വിസ്മയം സൃഷ്ടിച്ചു ആറാം ക്ലാസ്സുകാരൻ സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡുകൾ! ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസുകാരൻ.


കോട്ടയം: എത്ര കണ്ണടച്ചാലും അകക്കണ്ണാൽ കാഴ്ചകളെ കൃത്യമായി വിവരിച്ചു വിസ്മയമാകുകയാണ് വാഴൂർ സ്വദേശിയായ ആറാം ക്ലാസ്സുകാരൻ ജോസുകുട്ടി എൽബിൻ. കണ്ണ് മൂടിക്കെട്ടി ഇതിനോടകം തന്നെ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ജോസുകുട്ടി സ്വന്തമാക്കിക്കഴിഞ്ഞു.

 

 കണ്ണു മൂടിക്കെട്ടി കറൻസി നോട്ടുകളും നോട്ടുകളിലെ നമ്പറുകളും സഹിതം പറഞ്ഞു വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. കണ്ണ് അടച്ച ശേഷം കണ്ണിനു മുകളിൽ ഉപ്പ് പൊടി വിതറിയ ശേഷം കണ്ണ് മൂടിക്കെട്ടി വെച്ചാണ് ജോസുകുട്ടി നോട്ടുകളും അതിലെ നമ്പറുകളും കൃത്യമായി തിരിച്ചറിഞ്ഞു പറഞ്ഞു നൽകുന്നത്. ഈ വിസ്മയ കാഴ്ച കാണാൻ മന്ത്രി റോഷി അഗസ്റ്റിൻ ജോസുകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ-ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ. കണ്ണുകൾ മൂടി കെട്ടിഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് ഗിന്നസ് റെക്കോർഡ് നേരത്തെ ജോസുകുട്ടി സ്വന്തമാക്കിയിരുന്നു. കണ്ണ് മൂടികെട്ടി പഴങ്ങൾ തിരിച്ചറിഞ്ഞ് ഗിന്നസ് റെക്കോർഡും ജോസുകുട്ടി സ്വന്തമാക്കിയിട്ടുണ്ട്. കണ്ണ് മൂടിക്കെട്ടി 2 മിനിറ്റു കൊണ്ട് പാട്ടുപാടി സ്കേറ്റിങ് നടത്തുന്നതിനിടെ 34 സൂചിയിൽ നൂൽ കോർത്തെടുത്തതിന് യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം 2021 വേൾഡ് റെക്കോഡ് ലഭിച്ചിരുന്നു. വാഴൂർ എൻഎസ്എസ് സ്കൂൾ വിദ്യാർഥിയായ ജോസുകുട്ടി ഒന്നാം ക്ലാസ് മുതലാണ് കണ്ണ് മൂടിക്കെട്ടിയുള അഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചത്. കണ്ണുകെട്ടി 11.56 സെക്കൻഡുകൾ കൊണ്ട് ആണ് ജോസുകുട്ടി 10 സർജിക്കൽ മാസ്ക് കൃത്യമായി ധരിച്ചത്. 2022 നവംബർ 1-ന് ജർമ്മനിയിലെ ബവേറിയയിലെ ഓഗ്‌സ്ബർഗിൽ ആന്ദ്രെ ഒർട്ടോൾഫ് 7.15 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡ് 6.56 സെക്കൻഡിൽ മറികടന്നാണ് പതിനഞ്ച് പഴവർഗങ്ങൾ നിറച്ച ബാസ്കറ്റിൽ നിന്ന് ഏറ്റവും വേഗത്തിൽ കണ്ണ് മൂടി കെട്ടി പത്തെണ്ണം ജോസുകുട്ടി തിരിച്ചറിഞ്ഞത്.  ഇതോടെ കോട്ടയം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസുകാരൻ ആയി മാറിയിരിക്കുകയാണ് ജോസുകുട്ടി. ജോസഫിൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.