കോട്ടയം: കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പന്നിഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവു രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നിമാംസ വിതരണവും ഇത്തരത്തിലുള്ള കടകളുടെ പ്രവർത്തനവും പാടില്ല. ഇവിടെനിന്നു പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരുത്തരവ് വരെ നിർത്തിവയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: മീനച്ചിൽ ഗ്രാമപഞ്ചായത്ത്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത്, ഈരാറ്റുപേട്ട നഗരസഭ, പാലാ നഗരസഭ, മുത്തോലി ഗ്രാമപഞ്ചായത്ത്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്, തിടനാട് ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്, മൂന്നിലവ് ഗ്രാമപഞ്ചായത്ത്, കരൂർ ഗ്രാമപഞ്ചായത്ത്, മേലുകാവ് ഗ്രാമപഞ്ചായത്ത്.