പാലാ: വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി നിയന്ത്രണംവിട്ടു മറിഞ്ഞു വീട്ടുടമസ്ഥനായ പാലാ സ്വദേശിക്ക് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ്(രാജു-60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വീടു നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹത്തിന്റെ വീട്ടിൽ ഹിറ്റാച്ചി എത്തിച്ചിരുന്നു. മണ്ണിനു മുകളിൽ വീട്ടുടമസ്ഥൻ ഹിറ്റാച്ചിയുമായി ജോലികൾ ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റി മണ്ണിൽ താഴ്ന്ന ഹിറ്റാച്ചി സമീപത്തെ റബർ മരത്തിൽ ഇടിക്കുകയും ഇതിനിടയിൽ തല കുടുങ്ങിപ്പോകുകയുമായിരുന്നു. പോലീസ് എത്തിയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹം പുറത്ത് എടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.