ഗുണഭോക്തൃ സമിതികൾ കുടിവെള്ളം നിഷേധിക്കുന്നതിനെതിരേ നടപടിയെടുണം: ജില്ലാ വികസന സമിതി.


കോട്ടയം: ഗുണഭോക്തൃ സമിതികൾ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളിൽ വ്യക്തികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇതിനെതിരേ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർ നടപടികളെടുക്കണമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശിച്ചു. കുടിവെള്ളം നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം വ്യക്തമാക്കി. ഇക്കാര്യത്തിൽ കൃത്യമായ നിർദേശം  തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നൽകണമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. കണക്ഷനുകൾ നിഷേധിക്കുന്നതായും വിവേചനപരമായ ഫീസുകൾ കുടിവെള്ള കണക്ഷൻ നൽകുന്നതിനു വാങ്ങുന്നതായുമുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഗുണഭോക്തൃ സമിതി കൺവീനർ അടക്കമുള്ളവരെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനു നിർദേശിക്കണം. ഗുണഭോക്തൃ സമിതികളുടെ കാര്യത്തിൽ ഓഡിറ്റിങ്ങിന് നടപടികളെടക്കണം. പ്രവർത്തനരഹിതമായ ഗുണഭോക്തൃ സമിതികൾ പിരിച്ചുവിട്ടു പുതിയതു രൂപീകരിക്കാൻ തദ്ദേശ സ്ഥാപന അധികൃതർ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി. കാഞ്ഞിരപ്പള്ളിയുൾപ്പെടെയുള്ള ടൗണുകളിൽ കച്ചവടക്കാൻ നടപ്പാത കൈയേറിയതായി ജനപ്രതിനികൾ കഴിഞ്ഞ ജില്ലാവികസന സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോൾ 2014ലെ തെരുവുകച്ചവടക്കാരുടെ ജീവനോപാദിയും നിയന്ത്രണവും സംബന്ധിച്ച കേന്ദ്രസർക്കാർ ചട്ടവും ഇതുസംബന്ധിച്ച സുപ്രീം കോടതി മാർഗനിർദേശങ്ങളും പാലിച്ചായിരിക്കണം നടപടികൾ എന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പദ്ധതികൾ എൺപതു ശതമാനത്തിൽ അധികം പൂർത്തീകരിച്ചതായി ജില്ലാ വികസനസമിതിയോഗം അറിയിച്ചു. ചങ്ങനാശേരി കെ.എസ്.ആർ.സി.സി. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷൻ തുറന്നുകൊടുത്തിട്ടുണ്ടെന്നും കൈകാര്യം ചെയ്യലിന് സുലഭ എന്ന സ്വകാര്യഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും യോഗം അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുനീൽക്കാൻ  ആവശ്യപ്പെട്ടുള്ള നിർദേശങ്ങളിൽ തദ്ദേശ സ്വയംഭരണസെക്രട്ടറിമാർ അലംഭാവം കാണിക്കുന്നത് ഗൗരവതരമായി കാണുമെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി. വലിയ സ്ഥലങ്ങൾ പ്‌ളോട്ട് തിരിച്ചു വിൽക്കുമ്പോൾ സർക്കാർ മാനദണ്ഡങ്ങൾ മറികടക്കുന്നതായുള്ള പരാതികൾ വരുന്നുണ്ടെന്നും ഇക്കാര്യത്തിൽ കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു. കഞ്ഞിക്കുഴി മുതൽ കളക്‌ട്രേറ്റ് വരെയും മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുമുള്ള നിരവധി ആളുകൾക്കു കുടിവെള്ളം ലഭ്യമല്ലാതായ സ്ഥിതിക്കു പരിഹാരം കാണുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണ്. കേന്ദ്രമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നിർദേശപ്രകാരം പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ട ദേശീയപാത റോഡിനെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് സമർപ്പിച്ചിണ്ടെന്നും അംഗീകാരം ലഭിച്ചശേഷം പുതുക്കിയ ഭരണാനുമതിക്കായി സമർപ്പിക്കുമെന്നും ജലഅതോറിട്ടി യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന് പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ല പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹേശർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.