കോട്ടയം: നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാർഡിന്റെ ധനസഹായം ലഭിച്ചു. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ് മെന്റ് ഫണ്ട് ( ആർ. ഐ . ഡി. എഫ് ) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായമാണ് കാപ്‌കോസിന് അനുവദിച്ചത്. കാപ്‌കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സർക്കാരിന്റെ ധനസഹായമാണ്. ഇതിൽ ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ആറു കോടി 33ലക്ഷം രൂപ 48 സംഘങ്ങളിൽ നിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും സഹകരണ വകുപ്പ് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് പാലക്കാട് ജില്ല ഒഴികെ ഏല്ലാ ജില്ലകളും പ്രവർത്ത പരിധിയിൽ വരുന്ന കാപ്‌കോസിന്റെ ആദ്യ മില്ലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചിട്ടുണ്ട്.