കോട്ടയം: അക്ഷര നഗരിക്ക് അഭിമാനമായി അക്ഷരങ്ങൾ കഥ പറയുന്ന രാജ്യത്തെ ആദ്യ അക്ഷര മ്യൂസിയം കോട്ടയത്ത് ഉത്‌ഘാടനത്തിനൊരുങ്ങുന്നു. കോട്ടയം നാട്ടകം മറിയപ്പള്ളിയിൽ അക്ഷര മ്യൂസിയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നവംബറിൽ നടക്കും. 2022 ഫെബ്രുവരിയിൽ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ആണ് മ്യൂസിയത്തിന് തറക്കല്ലിട്ടത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ നാലേക്കർ സ്ഥലത്ത് ആണ് അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നാല് ഘട്ടമായി നിർമ്മിക്കുന്ന മ്യുസിയത്തിൽ ആദ്യഘട്ടത്തിൽ ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, വികാസം, പരിണാമം, പഴയ അച്ചടി യന്ത്ര പ്രവർത്തനം, മാതൃകാ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരു പുസ്‌തകം തുറന്നുവച്ച മാതൃകയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 6500 ഭാഷകൾ ഇവിടെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അക്ഷരങ്ങളുടെയും ഭാഷയുടെയും പരിണാമം ഇവിടെ നമുക്ക് മനസ്സിലാക്കാം. സാഹിത്യ പ്രവർത്തക സഹകരണ സംഘം സ്ഥാപക സെക്രട്ടറിയായ കാരൂർ നീലകണ്ഠപിള്ളയെ അനുസ്മരിച്ചു കൂടിയാണ് അക്ഷര മ്യുസിയം. അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠപിള്ളയുടെ അർധകായ പ്രതിമ കഴിഞ്ഞ ദിവസം മ്യുസിയത്തിൽ എത്തിച്ചിരുന്നു. വിസ്മയ കൗതുക കാഴ്ചകളാണ് കോട്ടയത്തെ അക്ഷര മ്യുസിയത്തിൽ ഒരുക്കിയിരിക്കുന്നത്. വാമൊഴി, ലിപി, അച്ചടി, സാക്ഷരത, ഭാഷ എന്നിവ ആവിർഭവിച്ചതും പരിണമിച്ച് ഇന്നത്തെ നിലയിൽ എത്തിയതുമായ ചരിത്രഘട്ടങ്ങളെ ആവിഷ്കരിക്കുന്നതാണ്. എസ്‌പിസിഎസ് കോർണർ, തിയറ്റർ എന്നിവയും ഉണ്ടാകും. ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ, എഴുത്ത്, ലിപി, വട്ടെഴുത്ത്, കോലെഴുത്ത്, ശിലാലിഖിതങ്ങൾ, ഗ്രന്ഥാക്ഷരം, കാലഗണന തുടങ്ങിയവയുടെ വിശദാംശങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിൽ കണ്ടെടുക്കപ്പെട്ട ‘ജോഗിമാരാ’ ഗുഹകളിലെ ശിലാലിഖിതത്തിലാണ് ലോകത്താദ്യം പ്രണയം എഴുതപ്പെട്ടതെന്നു കരുതുന്നു. ഈ ജോഗിമാരാ ഗുഹകളുടെ മാതൃകാ രൂപം ഉൾപ്പെടെ ഭാഷയുടെ ഉൽപ്പത്തികാലം മുതൽ ഇന്നോളമുള്ള സകല വികാസ പരിണാമങ്ങളുടെയും സൂക്ഷ്‌മമായ ഏടുകളടക്കം അറിവിന്റെ വിസ്‌മയലോകമാണ് അക്ഷരം മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകരും പ്രമുഖ എഴുത്തുകാരുമായ തകഴി, കാരൂർ, ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ ഹോളോഗ്രാമും ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ കഥകൾ സന്ദർശകരോട് പറയുന്ന തരത്തിലാണ് ഇവയുള്ളത്. അച്ചടിയുടെ പാരമ്പര്യം സൂക്ഷിക്കുന്ന കോട്ടയത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള ലെറ്റർ ടൂറിസം, ബുക്ക് ഷോപ്പ് കഫേറ്റീരിയ, മലയാള സാഹിത്യത്തിന്റെ വളർച്ച വിവരിക്കുന്ന ഗ്യാലറികൾ തുടങ്ങിയവ രണ്ടാംഘട്ട പ്രവർത്തനങ്ങളായി ഉണ്ടാകും.