മഹാത്മാഗാന്ധി സർവ്വകലാശാലാ സ്റ്റേഡിയത്തിൽ ഫിഫ നിലവാരത്തിൽ നിർമ്മിച്ച നാച്വറൽ ടർഫ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിനകർമ്മ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി സർവ്വകലാശാലാ സ്റ്റേഡിയത്തിൽ സർക്കാർ ധനസഹായത്തോടെ ഫിഫ നിലവാരത്തിൽ നിർമ്മിച്ച നാച്വറൽ ടർഫ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ കോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.  2.74 കോടി രൂപ ചിലവിട്ട് ഫ്ള്ഡ്‌ലിറ്റ്, അണ്ടർഗ്രൗണ്ട് സ്പ്രിംഗ്ലർ, ഡ്രെയിനേജ് സംവിധാനങ്ങളോടെ നിർമ്മിച്ച 105 മീറ്റർ നീളവും 65 മീറ്റർ വീതിയുമുള്ള കോർട്ട് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ വരെ നടത്താൻ പര്യാപ്‌തമാണ്. എംജി സർവകലാശാല സ്റ്റേഡിയത്തിലെ സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ ടെൻഡർ നടപടികൾ കിഫ്ബി ആരംഭിച്ചതായും നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. നാക് എ ഡബിൾ പ്ലസ് ഗ്രേഡും ടൈംസ് ലോക സർവകലാശാലാ റാങ്കിങ്ങിൽ 401-500 റാങ്ക് വിഭാഗത്തിൽ ഇടം നേടുകയും ചെയ്ത സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനു വേണ്ടി മന്ത്രി ട്രോഫി സമ്മാനിച്ചു.