പൊൻകുന്നം: ഒറ്റ ദിവസം തുടർച്ചയായുള്ള അപകട വാർത്തകളിൽ ഞെട്ടി എലിക്കുളം-വഞ്ചിമല മേഖലയിലെ നാട്ടുകാർ. പാലാ-പൊൻകുന്നം റോഡിൽ ഒരു കിലോമീറ്ററിനുള്ളിൽ ഒറ്റ ദിവസം നടന്നത് 3 വാഹനാപകടങ്ങൾ ആണ്. ഈ അപകടങ്ങളിൽ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് മേഖലയിൽ ആദ്യ വാഹനാപകടം ഉണ്ടായത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണവിട്ടു റോഡരികിലെ കോൺക്രീറ്റ് തൂണുകൾ ഇടിച്ചുതകർത്ത് തോട്ടിലേക്ക് പതിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗുരുവായൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. സമീപവാസികളെത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തു തോട്ടിൽ നിന്നും റോഡിലേക്ക് കയറ്റിയത്. ഈ അപകടത്തിന് പിന്നാലെ രാവിലെ 8 മണിയോടെയാണ് പാലുമായി പോകുകയായിരുന്ന പിക്ക് അപ്പ് വാൻ അപകട സ്ഥലത്തിന് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ കടയുടമ നസീമയ്ക്ക് (65) പരുക്കേറ്റു. അപകടത്തിൽ കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ നസീമയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കുളം മടുക്കക്കുന്ന് ഭാഗത്ത് വൈകിട്ട് 6 മണിയോടെയാണ് അടുത്ത അപകടം ഉണ്ടായത്. ശബരിമല തീർഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേൽ ജിഷ്ണു (29) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിനു സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ദിശതെറ്റി എത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.