മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഏറ്റുമാനൂർ; മന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കം വിലയിരുത്തി.


ഏറ്റുമാനൂർ: ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് ഇടത്താവളങ്ങളിലടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ ഇടത്താവളത്തിലെ മുന്നൊരുക്കം വിലയിരുത്താനായി ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന  അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീർത്ഥാടനം സുഗമമാക്കാനും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും വകുപ്പുകൾ സജ്ജമാണെന്നും വിവിധ വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം സാധ്യമാക്കും. സുരക്ഷയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും കൺട്രോൾ റൂമും തുറക്കും. നിരീക്ഷണ കാമറകളും ക്ലോസ്ഡ് സർക്യൂട്ട് ടി.വികളും വഴി നിരീക്ഷണം ശക്തമാക്കും. പാർക്കിങിന് വിപുലമായ ക്രമീകരണം ഒരുക്കാൻ ആർ.ടി.ഒ.യെ ചുമതലപ്പെടുത്തി. പാർക്കിങിന് സൗകര്യമൊരുക്കാനായി വ്യാപാരവ്യവസായികളുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കും. അവധി ദിവസങ്ങളിൽ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പാർക്കിങ് ക്രമീകരണം ഏർപ്പെടുത്താനാകുമോയെന്ന് പരിശോധിക്കും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവടങ്ങളിൽ സി.സി.ടി.വി. കാമറകൾ സ്ഥാപിച്ച് നീരിക്ഷണം ശക്തമാക്കും. ഖര, ദ്രവമാലിന്യ സംസ്‌ക്കരണത്തിന് ശുചിത്വമിഷനും നഗരസഭയും സംയുക്തമായി നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. മാലിന്യം സമയബന്ധിതമായി നീക്കുന്നതിന് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണത്തിനായി കുമരകം ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ സേവനം പ്രയോജനപ്പെടുത്തും. തെരുവുവിളക്കുകൾ നന്നാക്കുന്നതിന് കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. മറ്റു ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾ വ്യാപകമാക്കുന്നതിനൊപ്പം കുപ്പിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൂടി നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് നിർദ്ദേശിച്ചു. പൊലീസും എക്‌സൈസും സംയുക്തപരിശോധനകൾ നടത്തും. റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം ആരംഭിക്കും. ശുദ്ധജലം, സാനിട്ടേഷൻ സൗകര്യങ്ങൾ, ഇൻഫർമേഷൻ സെന്ററുകൾ, പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാസൗകര്യങ്ങൾ ഒരുക്കും. ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി സുഖകരമായ ക്ഷേത്രദർശനത്തിന് സൗകര്യമൊരുക്കാൻ പൊലീസിനെയും ദേവസ്വം ബോർഡിനെയും ചുമതലപ്പെടുത്തി. ക്ഷേത്രത്തിനു സമീപമുള്ള ദേവസ്വം ബോർഡിന്റെയും നഗരസഭയുടെയും ഉടമസ്ഥതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കും. ക്ഷേത്രക്കുളത്തിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഗ്‌നിസുരക്ഷ സേനയുടെ ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിനെ പരിശോധനയ്ക്ക് നിയോഗിക്കും. ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി എക്‌സൈസ്  പരിശോധനകൾ നടത്തും. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ 32 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. പ്രതിദിനം 1500 പേർക്കുവരെ ഭക്ഷണം, ചുക്കുവെള്ളം എന്നിവ നൽകുന്നതിന് നടപടി സ്വീകരിക്കും. തീർഥാടകർക്കായി 39 ടോയ്‌ലറ്റുകൾ, 16 യൂറിൻ ഷെഡുകൾ,13 ബാത്ത് റൂം എന്നിവ ദേവസ്വം ബോർഡ് ഒരുക്കും. ആവശ്യമെങ്കിൽ ഇ ടോയ്‌ലറ്റുകൾ സ്ഥാപിക്കും. സംതൃപ്തമായ മണ്ഡലം-മകരവിളക്ക് തീർഥാടനമൊരുക്കാൻ ദേവസ്വം ബോർഡ് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, റവന്യൂ ദേവസ്വം സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്, ദേവസ്വം അഡീഷണൽ സെക്രട്ടറി റ്റി.ആർ. ജയപാൽ, ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ കെ.ആർ. ശ്രീലത, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഉഷ സുരേഷ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രൊഫ. സി.എൻ. ശങ്കരൻ നായർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.