ശബരിമലയിൽ മലയാളമാസ പൂജകളിൽ ദർശനത്തിനു എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ മുൻ വർഷങ്ങളേക്കാൾ വർദ്ധനവ്, ദിവസേന ദർശനം നടത്തുന്നത് പതിനായിരത്തിലധികം ഭക്തർ.


ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കുന്നതിനു മുൻപുള്ള മലയാള മാസമായ തുലാമാസ പൂജകളിൽ ശബരിമല നട തുറന്നതു മുതൽ ദർശനത്തിനു എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ദർശനത്തിനു എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ മുൻ വർഷങ്ങളേക്കാൾ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശബരിമല നട തുറക്കുന്നതിനു തലേന്ന് തന്നെ എരുമേലിയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. ഇതോടെ എരുമേലിയിൽ ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. പോലീസ് എത്തിയാണ് പകൽ സമയങ്ങളിലും പുലർച്ചകളിലും ഗതാഗതം നിയന്ത്രിച്ചത്. മുൻ വർഷങ്ങളിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ നിന്നും വലിയ വർധനവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. നട തുറന്ന 16ന് വെർച്വൽ ക്യൂവിലൂടെ ദർശനത്തിനായി ബുക്ക് ചെയ്തവർ 11965 പേർ ആണ്. ഞായറാഴ്ച 52,634 പേർ വെർച്വൽ ക്യു ബുക്കു ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും വലിയ തിരക്കാണ് പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം തുലാം മാസം ഇത്രയുമധികം തീർത്ഥാടകർ എത്തിയിരുന്നില്ല.