ശമ്പളം മുടങ്ങിയിട്ട് 2 മാസം! 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ, സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ രോഗബാധിതർ.


കോട്ടയം: സർക്കാർ പണം നൽകിയിട്ടും ജീവനക്കാർക്ക് ഇത് വരെ ശമ്പളം നൽകാത്ത ഇ എം ആർ ഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്ക് എതിരെ സർക്കാർ നടപടി എടുക്കണമെന്ന് 108 ആംബുലൻസ് ജീവനക്കാർ. രണ്ട് മാസമായിട്ടും ശമ്പളം കിട്ടാതായതോടെ സിഐടിയുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പണിമുടക്കിന്റെ ഭാഗമായി കോട്ടയത്ത് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ(സി ഐ ടി യു) പ്രതിഷേധ മാർക്കിച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോട്ടയം ജില്ല കമ്മറ്റി നടത്തിയ പ്രതിഷേധ റാലി സി ഐ ടി യു അഖിലേന്ത്യ കമ്മറ്റി അംഗം കെ കെ ഹരിക്കുട്ടൻ ഉത്ഘാടനം ചെയ്തു. 2 മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും ഇൻക്രിമെന്റ് നടപ്പിലാക്കണമെന്നും അകാരണമായി തൊഴിലാളികളെ സ്ഥലം മാറ്റുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും ശമ്പളം കൃത്യത ഉറപ്പ് വരുത്തുന്നതിന് കരാറിൽ ഒപ്പു വെക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ 108 ആംബുലൻസ് ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങിയതോടെ രോഗികളും ദുരിതത്തിലായി. അവശ്യ ഘട്ടങ്ങളിൽ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ രോഗബാധിതർ. 108 ആംബുലൻസിൻ്റെ നടത്തിപ്പ് കരാർ നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന സ്വകാര്യ കമ്പനിക്കാണ്. പല കാര്യങ്ങൾ പറഞ്ഞ് കമ്പനി ശമ്പളം മുടക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. 90 കോടി രൂപയിലേറെ സർക്കാര്‍ കുടിശികയുണ്ടെന്ന് പറഞ്ഞാണ് കമ്പനി ശമ്പളം മുടക്കുന്നതെന്നും ജീവനക്കാർ പറയുന്നു. നവംബർ മാസം ഒന്നാം തിയതി ഒക്ടോബർ മാസത്തെ ശമ്പളത്തിൻ്റെ പകുതി നൽകാമെന്നും ബാക്കി ശമ്പള കാര്യം പിന്നീട് അറിയിക്കാമെന്നുമാണ് കമ്പനിയുടെ നിലപാട്. സംസ്ഥാനത്താകെ 325, 108 ആംബുലൻസുകളാണുള്ളത്. 1400 ഓളം ജീവനക്കാരും ഉണ്ട്. ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനവുമായുള്ള നടത്തിപ്പു കരാര്‍ റദ്ദാക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ 10 കോടി രൂപ കൊടുത്തിട്ടുപോലും ശമ്പളം കൊടുക്കാനുള്ള മനസ്സാക്ഷി പോലും കമ്പനി കാണിച്ചില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവനമാണ് കനിവ് 108 ആംബുലൻസുകൾ.