ഏറ്റുമാനൂർ: ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകനും പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥിയുമായ സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പേരൂർ പൂവത്തുമ്മൂട് കടവിൽ കണ്ടെത്തിയത്. കഴിഞ്ഞ 7 നു വ്യാഴാഴ്ച വൈകിട്ട് മുതലാണ് സുഹൈലിനെ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തി.