കോട്ടയം: കോട്ടയത്ത് അമിതവേഗത്തിലെത്തിയ സ്വകാര്യബസ് സ്‌കൂട്ടറിൽ ഇടിച്ചുകയറി യാത്രക്കാരിക്ക് പരിക്ക്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കോട്ടയം എസ്.എച്ച്. മൗണ്ട് കീടംതിട്ടയിൽ മായ (43)യ്ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ മായയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ നാഗമ്പടം ചെമ്പരത്തിമൂട് കവലയിലെ വളവിലായിരുന്നു അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു മായ. ബസ്സ് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ്സ് സ്‌കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മായ സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിറവം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.