കോട്ടയം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ. രണ്ടു ദിവസമായി കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ കോട്ടയം ജില്ലാതല പരാതി പരിഹാര അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടി പോലീസുദ്യോസ്ഥർ പരാതി എടുക്കാതിരിക്കുന്ന സംഭവങ്ങൾ കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതിരുന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതിയാകും. ഇതു സംബന്ധിച്ചു കമ്മിഷൻ ഉദ്യോഗസ്ഥർക്കു ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. രണ്ടു ദിവസമായി നടന്ന പരാതി പരിഹാര അദാലത്തിൽ 97 പരാതികൾ തീർപ്പാക്കി. 20 എണ്ണം മാറ്റിവച്ചു. 117 പരാതികളാണ് ആകെ പരിഗണിച്ചത്. 83 ശതമാനത്തിലും തീർപ്പുണ്ടാക്കാൻ സാധിച്ചു. ചെയർമാൻ ശേഖരൻ മിനിയോടന്റെയും അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണൻ എന്നിവരുടേയും നേതൃത്വത്തിലുള്ള മൂന്നുബെഞ്ചുകളാണ് കേസുകൾ പരിഗണിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ പോലീസ് വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ്, വനംവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികളും കമ്മിഷന്റെ പരിഗണനയിലെത്തി. 10 മാസം മുമ്പു ചുമതലയേറ്റ ആറാം പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷന്റെ പത്താം സിറ്റിങ്ങാണ് പൂർത്തിയായത്. നാലു ജില്ലകളിൽ കൂടി ഇനി സിറ്റിങ് പൂർത്തിയാകാനുണ്ട്. ജനുവരിയോടെ അദാലത്തുകൾ പൂർത്തിയാകും. അദാലത്തിൽ പരിഗണിക്കപ്പെടുന്ന പരാതികളുടെ തുടർനടപടികളുടെ കാര്യത്തിൽ കമ്മിഷൻ ശക്തമായ നിലപാട് എടുക്കുമെന്നും ചെയർമാൻ ശേഖരൻ മിനിയോടൻ പറഞ്ഞു. അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷനെ ബന്ധപ്പെടാനുള്ള പുതിയ ഫോൺ നമ്പറുകൾ
എ സെക്ഷൻ: 9188916126
ഇ ആൻഡ് ഓഫീസ് സെക്ഷൻ: 9188916127
ബി സെക്ഷൻ: 9188916128