കോട്ടയം: ഈരാറ്റുപേട്ട വാഗമൺ റോഡിൽ വലിയ പാറക്കല്ല് റോഡിലേക്ക് പതിച്ചു, വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്ന സമയമായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപമാണ് റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. പാറക്കല്ലിന് എട്ടടിയോളം ഉയരമുണ്ട്. വേലത്തുശ്ശേരി എവസ്റ്റ് വളവിന് താഴെ റോഡിലേയ്ക്ക് ആണ് വലിയ കല്ല് പതിച്ചത്. റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ കല്ല് ഉരുണ്ടു എത്തി റോഡിൽ പതിച്ചതാണ്. റോഡിലേക്ക് കൂറ്റൻ പാറ വീണതിനെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ വെള്ളമൊഴുക്കിൽ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്നാണ് നിഗമനം. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കല്ല് ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം ഗതാഗതം പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.