കോട്ടയം: യുകെയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർ സംയുക്ത പഠന പ്രോജക്ട് വിജയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നടപ്പിലാക്കിയ ‘കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആന്റ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ’ പ്രോജക്ടിലെ യുകെ നഴ്സുമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. വിജയകരമായ മാതൃകയ്ക്ക് തുടർന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെ സന്ദർശിച്ചപ്പോൾ ഇവരെ മന്ത്രി വീണാ ജോർജ് നേരിട്ട് കണ്ടിരുന്നു. നഴ്സിംഗ് രംഗത്തെ അറിവുകൾ പരസ്പരം പങ്കു വയ്ക്കുന്നതിന് അവർ സന്നദ്ധത അറിയിച്ചിരുന്നു. തുടർന്നാണ് യുകെയിൽ വർഷങ്ങളോളം പ്രവർത്തിച്ച നഴ്സുമാരും യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ കൈരളി യുകെയും കേരളവുമായി സഹകരിച്ച് പ്രോജക്ട് തയ്യാറാക്കിയത്. യാതൊരുവിധ സർക്കാർ ഫണ്ടുകളോ ഡേറ്റാ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവച്ചും ഓൺലൈൻ ക്ലാസുകൾ നൽകിയുമാണ് പ്രോജക്ട് ആരംഭിക്കാൻ അനുമതി നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് വിഭാഗത്തിലാണ് പ്രോജക്ട് ആദ്യമായി നടപ്പിലാക്കിയത്. പ്രോജക്ടിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ പോലെ പ്രായോഗികമായ മാറ്റങ്ങൾ വരുത്തിയതോടെ ഈ വിഭാഗത്തിലെ രോഗീ പരിചരണത്തിൽ വളരെ മാറ്റങ്ങളുണ്ടായി. തിരിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃ പാഠവവും ആത്മാർത്ഥതയും യുകെ മലയാളി സംഘത്തിനും പഠിക്കാനായി. മന്ത്രിയുടെ പിന്തുണയും അവർ എടുത്തു പറഞ്ഞു. യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിച്ച് അറിവുകൾ പങ്കുവയ്ക്കുകയുമാണ് ഇനിയുള്ള ലക്ഷ്യം. യുകെ കിങ്‌സ് കോളജ് എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രസ്റ്റിലെ തീയേറ്റർ ലീഡ് നഴ്‌സ് പാലാ സ്വദേശിനി മിനിജ ജോസഫ്, യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ ഇലക്ടീവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നഴ്‌സ് ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യൻ, കിങ്‌സ് കോളേജ് എൻഎച്ച്എസ് ഐസിയു, എച്ച്ഡിയു വാർഡ് മാനേജർ മുംബൈ മലയാളി മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച നഴ്സുമാർ. ഇവർക്കൊപ്പം യുകെയിലെയും അയർലാൻഡിലെയും ആശുപത്രികളിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു.