കോട്ടയത്ത് അതിശക്തമായ മഴ! ഒരു മണിക്കൂറിൽ പെയ്തത് 83 mm മഴ, എം സി റോഡിൽ സ്റ്റാർ ജംഗ്ഷനിൽ വെള്ളക്കെട്ട്, നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക്.


കോട്ടയം: അതിശക്തമായ മഴയിൽ കോട്ടയം നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 4 മണിയോടെ ആരംഭിച്ച ശക്തമായ മഴയിൽ എം സി റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. എം സി റോഡിൽ സ്റ്റാർ ജംങ്ഷനിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ മഴയിൽ റോഡിനോട് ചേർന്നുള്ള ഓടകൾ നിറഞ്ഞു കവിയുകയായിരുന്നു. വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം വാഹനങ്ങൾ കടന്നു പോകാൻ പ്രയാസം നേരിട്ടതിനാൽ ഗതാഗതക്കുരുക്കുണ്ടായി. കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടിയത്. സ്ഥലത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഓടകൾ കൃത്യ സമയത്ത് വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികളും കാല്നട യാത്രികരും പറഞ്ഞു. അതേസമയം കോട്ടയത്ത് ലഭിച്ചത് ശക്തമായ മഴയാണ്. കോട്ടയത്ത് ഒരു മണിക്കൂറിൽ പെയ്തത് 83 mm മഴയാണ് എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ബേക്കർ ജംങ്ഷനിലും ശാസ്ത്രി ഗതാഗതക്കുരുണ്ടായി. കോട്ടയം നഗരത്തിനു പുറമെ ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,എരുമേലി മേഖലകളിൽ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്.