കോട്ടയം: എറണാകുളത്തു വെച്ച് പോലീസ് പിടിയിലായ കുറവാ സംഘാംഗമായ തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവം (25) പൊൻകുന്നം,പാലാ ഭാഗങ്ങളിൽ വീടുകളിൽ കവർച്ച നടത്തിയത് കാഞ്ഞിരപ്പള്ളിയിൽ താമസിച്ച് ആണെന്ന് പോലീസ്. പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ 3 വീടുകളിലും പാലാ സ്റ്റേഷൻ പരിധിയിൽ പൈക ഭാഗത്തു 2 വീടുകളിലും ആണ് സന്തോഷ് കവർച്ച നടത്തിയത്. 2 വീടുകളിൽ നിന്നായി സ്വർണ്ണാഭരണങ്ങൾ മോഷണം പോയിരുന്നു. ഈ ഭാഗത്ത് 2 വീടുകളിൽ സന്തോഷ് മോഷണശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. രാമപുരം, പാലാ, പൊൻകുന്നം. ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധികളിലെ മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ്. വെളിയന്നൂർ പുതുവേലി ചോരക്കുഴി ഭാഗത്തുള്ള വീട്ടിൽ മോഷണം നടത്തിയതിനു പോലീസ് പിടിയിലായിരുന്നു. അടുക്കള വാതിൽ തള്ളിത്തുറന്ന് അകത്തു കയറി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കയ്യിൽ ധരിച്ചിരുന്ന 14 ഗ്രാം തൂക്കം വരുന്ന 70,000 രൂപ വില വരുന്ന വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ താമസിച്ചാണ് സന്തോഷ് പൈക ഭാഗത്തെ വീടുകളിൽ മോഷണം നടത്തിയത്.