ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല, പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.


പാലാ: പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അനുവദനീയമായതിൽ കൂടുതൽ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കി, തിരഞ്ഞെടുപ്പ് കമ്മീഷനിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്നുള്ള ആരോപണങ്ങൾ ഉന്നയിച്ചു സി.വി.ജോണാണ് പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 2021നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു സി വി ജോൺ. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.ജയചന്ദ്രൻ ആണ് സി വി ജോണിന്റെ ഹർജി തള്ളിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പാലാ മണ്ഡലത്തിൽ മത്സരിച്ച സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി.കാപ്പൻ 69,804 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോസ് കെ.മാണി 54,426 വോട്ടുകളും നേടിയിരുന്നു.