മണിമല: മണിമല സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ മഞ്ഞാടിക്കരി ഭാഗത്ത് ചകിരിയാറ്റിൻചിറ വീട്ടിൽ ജയ് മോൻ സി.കെ(49) യെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുക്കട റബർ ബോർഡ് ജംഗ്ഷൻ ഭാഗത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മണിമല സ്വദേശിയായ യുവാവിനെ ഇയാൾ ആദ്യം ചീത്ത വിളിക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. കൈയിൽ കരുതിയ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ പരാതിയിൽ മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ജയപ്രകാശ് വി.കെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാൾക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു എന്ന് പോലീസ് പറഞ്ഞു.