കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കോട്ടയം മെഡിക്കൽ കോളേജ്. ആയിരക്കണക്കിന് തീർത്ഥാടകർ ദിനംപ്രതിയെത്തുന്ന ജില്ലയിൽ വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. തീർഥാടകർക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 18 കിടക്കകളോട് കൂടിയ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. 13 ബെഡ് ഉള്ള ഐസിയുവും എട്ട് വെന്റിലേറ്ററും അത്യാഹിത വിഭാഗത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഹെല്പ് ഡിസ്കിന്റെ ഉത്‌ഘാടനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. യു.കെ കൈരളി എന്ന സംഘടനയുടെ ഭാഗമായുള്ള ഡോക്ടർമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും സഹായവും വാർഡിൽ ലഭ്യമാകും. ഡോ മെനോ ഗ്ലാഡിസിന്റെ നേതൃത്വത്തിലുള്ള ടീമാണ് വാർഡിൽ പ്രവർത്തിക്കുന്നത്.