മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട്, വീടിനുള്ളിൽ ആഭിചാരക്രിയകൾ നടന്നതിൻ്റെ സൂചന, മാതാപിതാക്കളും മകനും സുഹൃത്തും അറസ്റ്റിൽ.


മുണ്ടക്കയം: മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ യുവാവിന്റെ മാതാപിതാക്കളും സുഹൃത്തും ഉൾപ്പടെ 4 പേരെ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും മുണ്ടക്കയം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും 10 ഗ്രാം ഓളം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിൽ ആഭിചാരക്രിയകൾ നടന്നതിൻ്റെ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. 5 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ ദിവസേന നിരവധിയാളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും.