മുണ്ടക്കയം: മുണ്ടക്കയത്ത് കടന്നൽ കുത്തേറ്റു 110 വയസ്സുകാരി അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (110), മകൾ തങ്കമ്മ (82) എന്നിവരാണ് മരിച്ചത്. കടന്നൽ കുത്തേറ്റ് മലയരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്ന കുഞ്ഞുപെണ്ണ് ആണ് കടന്നലിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവരുടെ വീടിനു സമീപത്തു നിന്നാണ് കടന്നൽ ആക്രമണം ഉണ്ടായത്. അയൽവാസികളായ 2 പേർക്കും കടന്നൽ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. ഇരുവരുടെയും സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ നടക്കും. അയൽവാസികളായ ജോയി (75), ശിവദര്‍ശന്‍ (24) എന്നിവര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.