സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയ മേള: കാഴ്ചചപരിമിതർക്കായുള്ള ഒളശ്ശ സ്‌കൂളിന് മികച്ച നേട്ടം.


കോട്ടയം: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ സ്‌പെഷ്യൽ സ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത ഒൻപതിനങ്ങളിലും എ ഗ്രേഡ് നേടി കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂൾ. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവതീർത്ഥ രതീഷ് പുൽപ്പായ നിർമ്മാണത്തിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിനും 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ദേവതീർഥ രതീഷ്. കേശവ് രഞ്ജിത്ത് ബാംബൂ പ്രോഡക്റ്റ്' നിർമ്മാണത്തിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും എ. അനൂപ് പ്ലാസ്റ്റിക് കെയിൻ വർക്കിൽ(വീവിംഗ്) 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. വി. നവനീത് (കയർ ഡോർ മാറ്റ്), എം. വി. വിസ്മയ (ബീഡ്സ് വർക്ക്), അലൻ അജീഷ് (കാർഡ് ആൻഡ് സ്‌ട്രോബോർഡ് വർക്ക്) എ. അഭിനന്ദ (പേപ്പർ ക്രാഫ്റ്റ്. അൻഷ്വൽ ആൻ ജോൺ(കുട നിർമാണം) എന്നിവരാണ്' 'എ' ഗ്രേഡ്' നേടിയ മറ്റുള്ളവർ. മികച്ച വിജയം കരസ്ഥമാക്കി സ്‌കൂളിന്റെ അഭിമാനമായി മാറിയ എല്ലാ കുട്ടികളെയും പ്രഥമാധ്യാപകൻ ഇ.ജെ. കുര്യൻ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു.