പുതുപ്പള്ളി: തിങ്കളാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. 15 അടിയോളം പൊക്കമുള്ള മതിൽ ഇടിഞ്ഞു വീണു 2 ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിലായി. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പുതുപ്പള്ളി സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പുതുപ്പള്ളി പുമ്മറ്റം കുരിശിനു സമീപം കളപ്പുരയ്ക്കൽ രാജൻ വർഗീസിന്റെ കരിങ്കല്ല് മതിലിടിഞ്ഞു വീണ് സമീപത്തെ അനിൽകുമാറിന്റെ വീടിനും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. 15 അടിയോളം പൊക്കമുള്ള മതിൽ ഇടിഞ്ഞു വീണു ഇതിന്റെ സമീപത്തായി നിർത്തിയിട്ടിരുന്ന 2 ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിലായി. അതിശക്തമായ മഴയിലാണ് അപകടം സംഭവിച്ചത്. മതിൽ ഇടിഞ്ഞു വീണു അടുക്കളയുടെ ഒരു ഭാഗം തകരുകയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പാത്രങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്നവർ വീടിന്റെ മുൻഭാഗത്തായിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വെള്ളാപ്പള്ളിൽ തമ്പി, സഹോദരൻ രാജു എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പുതുപ്പള്ളി കുട്ടൻചിറപ്പടിയിൽ വീട്ടിൽ വെള്ളം കയറി. ഇരവിനല്ലൂർ ഗവ. എൽ.പി. സ്കൂളിന്റെ കരിങ്കൽക്കെട്ട് ഇടിഞ്ഞ് വീണു. സംഭവ സ്ഥലങ്ങൾ പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.