ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ചു ശബരിമല നട തുറന്നതു മുതൽ ഭക്തജനത്തിരക്കിലാണ് സന്നിധാനം. നടതുറന്ന് ദർശനം തുടങ്ങിയ 15 മുതൽ ശനിയാഴ്ച വൈകിട്ട് 5 മണി വരെയുള്ള കണക്കുകളിൽ 83,429 അയ്യപ്പഭക്തർ ദർശനത്തിനു എത്തി. മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ട്. വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായി. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വി.ഐ.പി.കൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദർശനത്തിനെത്തിയത്. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്. വിർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായ രീതിയിൽ ഭക്തർക്ക് ദർശനം നടത്താനായത് ശബരിമല തീർത്ഥാടകർക്കായി സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായി എന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇത് വലിയ നടപ്പന്തലിൽ ഭക്തർ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചു.