എരുമേലി: പുണ്യം വിളിച്ചോതുന്ന വൃശ്ചിക പൂമ്പുലരിയിൽ ശബരീശ ദർശനത്തിനു വൻ ഭക്തജനപ്രവാഹം. 2 മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിനു തുടക്കമായി. ഇന്നലെ പകൽ മുതൽ എരുമേലിയിലും ശബരിമലയിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കിയതായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ വകുപ്പുകളുടെ താത്കാലിക ഓഫീസുകൾ എരുമേലിയിൽ പ്രവർത്തനം ആരംഭിച്ചു. മഴയെ അവഗണിച്ച് ഇന്നലെ വൈകിട്ടോടെ നിരവധി ഭക്തരാണ് മല ചവിട്ടിയെത്തിയത്. മണ്ഡല-മകരവിളക്ക് താർത്ഥാടനവുമായി ബന്ധപ്പെട്ടു എരുമേലിയിലും ശബരിമലയിലും ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ കൂടുതൽ ഭക്തർ ദർശനത്തിനായി എത്തുമെന്ന നിഗമനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി വിവിധ ഡിപ്പോകളിൽ നിന്നും എരുമേലിയിൽ നിന്നും പമ്പ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു. സന്നിധാനത്തെ പൊലീസ് സംഘം സര്‍വസജ്ജമെന്നു ശബരിമല കോ–ഓർഡിനേറ്റർ എസ്.ശ്രീജിത്ത് പറഞ്ഞു. എരുമേലിയിൽ തീർത്ഥാടകരുടെ തിരക്കേറിയിരിക്കുകയാണ്.